Sunday, December 5, 2010

ഈണംതെറ്റിയ ഒരോണദിനം സിഡ്നിയില്‍

Posted originally on Sunday, August 22, 2010



റക്കമുണര്‍ന്ന്‌ കാലത്തെ ഴുനേറ്റ്‌ ഇറങ്ങിച്ചെന്നത്‌ ഓണപ്പുലരിയിലേക്കായിരുന്നു. ഈ മറുനാട്ടില്‍, സിഡ്നി ഹാര്‍ബര്‍ബ്രിഡ്ജ്‌ന്റെ ഉച്ചിയില്‍ മലയാളികള്‍ക്കായി ഉദിച്ചുയരുകയായി മറ്റൊരു പൊന്നോണം!
കാലത്തെഴുനേറ്റ്‌ ചെയ്യേണ്ടുന്ന മറ്റൊരു പതിവു കര്‍മ്മം കൂടി തന്റെ ദിനചര്യകളില്‍ ഇപ്പോള്‍ വന്നുചേര്‍ന്നിരിക്കുന്നു. ഒട്ടും അമാന്തിക്കാതെ കാലം ബാക്കിവെച്ച ചുറുചുറുക്കോടെ തന്നെ അത്‌ അനുഷ്ടിക്കുന്നുമുണ്ട്‌. റോഡിനു സമാന്തരമായി നീണ്ടുപോകുന്ന മൂന്നടി വീതിയുള്ള കോണ്‍ക്രീറ്റ്‌ നടപ്പാതയിലൂടെയുള്ള ശീഘ്രഗമനം തനിക്കിപ്പോള്‍ എന്തുകൊണ്ടോ അനിവാര്യമായിരിക്കുകയാണ്‌. പ്രായത്തിനൊത്ത്‌ പതുക്കെ തലപൊക്കിയ രക്‌ത സമ്മര്‍ദ്ദത്തിന്ന്‌ പ്രതിരോദ്ധ്യമായി ചെലവില്ലാത്ത ഒരു ചികിത്സ.

വീട്ടില്‍ നിന്ന്‌ ഇറങ്ങുമ്പൊള്‍ ഭാര്യ ചോദിച്ചു: "ഓണമായിട്ടിന്നുമിതു വേണോ?"
"ശരീരത്തിനും മനസ്സിനും അല്‍പമൊരുന്മേഷം ആവാഹിച്ചെടുക്കാന്‍ ഇതില്‍പരം എന്തുണ്ട്‌, ഉഷേ? നീയാ പൂള്‍ ല്‍ ഇറങ്ങി മുങ്ങി നിവരുമ്പോഴേക്കും ഞാനിങ്ങെത്തിയേക്കാം; പോരേ?" മൗന സമ്മതത്തിന്റെ മുഖച്ചാര്‍ത്ത്‌ വായിച്ചെടുക്കാന്‍ കൂട്ടാക്കാതെ ഇറങ്ങി.

പ്രഭാതാഭിവാദ്യം കൈനീട്ടമായി അയലക്കത്തെ ഡേവിഡ്‌ മെക്നമാര യില്‍ നിന്നു ലഭിച്ചു: "Good morning."

നാട്ടിലെ ചേറ്റംകുന്ന്‌ പോലെയുള്ള ബോക്സ്‌റോഡ്‌ ലെ രണ്ട്‌ വലിയ കയറ്റവും രണ്ടിറക്കവും കഴിഞ്ഞപ്പോള്‍ ചെറിയൊരു കിതപ്പ്‌. വര്‍ഷങ്ങള്‍ക്കുമുമ്പ്‌ നാട്ടിന്‍പുറത്തെ മരതകപ്പച്ചയില്‍ മുങ്ങി ആന്തോളനം ചെയ്തു പിന്നിട്ട ഓണപ്പെരുന്ന്നാളുകളുടെ പഴയ ഓര്‍മ്മകള്‍ മനസ്സിന്റെ താഴ്ത്തട്ടുകളില്‍നിന്നും കുടഞ്ഞെടുത്തുകൊണ്ട്‌ അപ്പുറവും ഇപ്പുറവും നോക്കാതെ നടന്നപ്പോള്‍ കിതപ്പിന്‌ ഏറെ ശമനം കിട്ടി. രണ്ടു ജടയന്മാരായ നായ്ക്കുട്ടികളുമായി നടക്കാനിറങ്ങാറുള്ള സ്വര്‍ണ്ണത്തലമുടിക്കാരി യുവതി സുപ്രഭാതം നേര്‍ന്നുകൊണ്ട്‌ എതിരേ കടന്നു പോയി. തല മുണ്ഠനം ചെയ്ത മറ്റൊരു പാശ്ചാത്യ യുവസുന്ദരി ശോഷിച്ച്‌ വിളറിയ മുഖത്തു പൊടിഞ്ഞുനിന്ന വിയര്‍പ്പുകണങ്ങള്‍ ഒപ്പിക്കൊണ്ട്‌ തൊട്ടടുത്തുകൂടെ നടന്നു പോയി. ഏതോ രോഗാധീനയാണെന്ന്‌ തോന്നിപ്പിക്കുന്ന ദൈന്യതയാര്‍ന്ന വദനം. ഓണപ്പൂക്കളം കൂട്ടാനായി പപ്പടക്കാരി കസ്തൂര്‍ബായ്‌ യുടെ വീട്ടുവേലിക്കുള്ളില്‍ ജമയന്തിപ്പൂവിറുക്കാന്‍ അനുവാദമില്ലാതെ കടന്നുചെന്നപ്പോള്‍ അരവിന്ദ ഷേണായ്‌ ആട്ടിപ്പായിച്ചതും, മാത്തന്‍ അച്ചുമാസ്റ്റരുടെ നെല്‍പ്പാടത്തിന്റെ വരമ്പത്ത്‌ പൂത്തു നില്‍പ്പുള്ള കൊച്ചപ്പൂക്കളും തുമ്പപ്പൂക്കളും മഞ്ഞപ്പൂക്കളും കൊട്ടനിറയെ പറിച്ചെടുത്ത്‌ ഉന്മാദത്തോടെ വീട്ടിലേക്കോടവേ കണ്ടി തടഞ്ഞ്‌ കമിഴ്‌ന്നടിച്ച്‌ വീണതും, മാസ്റ്റരുടെ മകള്‍ രാഗിണി അതുകണ്ട്‌ കുടുകുടാ ചിരിച്ചതും മറ്റും സ്മൃതിപഥത്തില്‍ അവാച്യമായ രാമണീയത തുന്നിച്ചേര്‍ത്തു. എമ്പാടും സ്വപ്നങ്ങള്‍ പേറിയുള്ള നടത്തത്തിന്ന്‌ അറിയാതെ വേഗത കൂടി. അകാരണമായി ആ മധുരസ്വപ്ന ശൃംഖല എവിടെയോ വെച്ചു അറുക്കപ്പെട്ടു.

- ആകാശത്തുനിന്ന്‌ ആരോ അരിശത്തോടെ വലിച്ചെറിഞ്ഞതുപോലെ തൊട്ടു മുമ്പിലായി പെട്ടെന്ന്‌ വന്നു വീണു, ഒരു പച്ചമാംസത്തുണ്ടം. കൂമ്പിയ ചിറകുകളോടെ ഒരു പക്ഷിയുടെ ജഡം. കാല്‍ക്കീഴില്‍ എവിടെനിന്നോ വന്നു വീണടിഞ്ഞ ജീര്‍ണ്ണാവശിഷ്ടം. നിസ്സാരമായൊരു മൃത്യു...

തന്റെ കിതപ്പ്‌ അല്‍പ്പം കൂടി. തനിക്കിന്ന്‌ ഒരു ഉത്സവദിനമാണെന്ന ചെറിയൊരു പരിഗണന പോലും നല്‍കാതെ മരണത്തെ കുറിച്ച്‌ ഓര്‍മ്മിപ്പിക്കാനുള്ള മഹാബലിത്തമ്പുരാന്റെ, അല്ലെങ്കില്‍ പടച്ചവന്റെ, കുറുക്കുവഴിയാണോ ഇതെന്ന്‌ സംശയിച്ചുകൊണ്ട്‌ മേലോട്ടു നോക്കി. കണ്ടത്‌, ആട്ടം നിലച്ചിട്ടില്ലാത്ത വെറുമൊരു ഉണങ്ങിയ മരക്കൊമ്പായിരുന്നു. ചുള്ളിക്കൊമ്പത്തിതുവരെ അള്ളിപ്പി ടിച്ചുനിന്ന ഒരെളിയ ജന്മത്തിന്റെ അവസാനത്തെ പിടിവിട്ടു, കിതച്ചുകൊണ്ട്‌ നീങ്ങുന്ന ഈ മലയാളി മനുഷ്യന്റെ മുന്നിലായി താഴെ റോഡരുകില്‍ ഒരു മൃതിയായി നിപതിച്ച പക്ഷിയുടെ തുമ്പപ്പൂ നിറമുള്ള തൂവലുകള്‍ നോക്കി നിര്‍വികാരനായി നില്‍ക്കുകയല്ലാതെ താന്‍ ഒരു നെടുവീര്‍പ്പിടുകപോലും ചെയ്തില്ല...

നിലത്തു വീണുകിടന്ന ഒരു പൂവിനെ നോക്കി കുമാരനാശാന്‍ ഒരു വിലാപകാവ്യം രചിച്ചു. നിശ്ചലതയില്‍ നിന്ന്‌ നിശ്ചലതയിലേയ്ക്ക്‌ ഞെട്ടറ്റു വീണ പൂവിന്റെ ദലങ്ങള്‍ നോക്കി ആശാന്‍ കണ്ണീര്‍ വീഴ്ത്തി. നീലവിഹായസ്സില്‍ ചിറകടിച്ചുയര്‍ന്നു, പറന്നു, പറന്നു, ഒടുക്കം പാതവക്കില്‍ ഈ പഥികന്റെ കാല്‍ക്കീഴില്‍, ഓണപ്പൂക്കള്‍ കോര്‍ത്ത്‌ മിനഞ്ഞെടുത്ത മധുര സ്വപ്നങ്ങള്‍ക്കു മുമ്പില്‍, തൂവെള്ളത്തൂവലുകളാല്‍ പൊതിയപ്പെട്ട ഒരു തുണ്ടം മാംസമായവശേഷിച്ച പറവ തലകുത്തി വീണിട്ടും താന്‍ കരഞ്ഞില്ല. പലതും ചെയ്തുതീര്‍ക്കാനും ചെയ്ത തെറ്റുകള്‍ തിരുത്താനുമുള്ള തിരക്കുപിടിച്ച തന്റെ ജീവിതയാത്രയ്ക്കിടയില്‍ ആത്മീയ ചിന്തയ്ക്കിടമില്ല. ഒരു വിലകെട്ട മരണത്തെ ഓര്‍ത്ത്‌ വിലപിക്കാനെന്തുണ്ട്‌? എങ്കിലും അല്‍പം മാറിനിന്നു. ഓര്‍ത്തുപോയി:

ഇന്നലെ, നീലാകാശത്തിലൊരു പൊലിമയാര്‍ന്ന ഭസ്മക്കുറിയായി തെളിഞ്ഞു നിന്ന ഒരു കിളി. ഇന്ന്‌, ഒരു മാംസപിണ്ഠം.

നാളെ, ചീഞ്ഞളിയും മാലിന്യം...

വീടുകള്‍ക്കു മുന്‍പില്‍ റോഡു നീളെ ചവറ്റുതൊട്ടികള്‍ നിരന്നു കിടക്കുന്നു. അവയില്‍ നിന്നും മാലിന്യം കുടഞ്ഞെടുത്തിട്ടു കൊണ്ടുപോകാന്‍ കൗണ്‍സില്‍ ന്റെ കാട്ടംകോരി-വാഹനം ഓടിയെത്താനുള്ള സമയം അടുത്തുകഴിഞ്ഞിരുന്നു. ഒട്ടും അമാന്തിച്ചില്ല. ആത്മാവ്‌ പഞ്ചരം വെടിഞ്ഞ്‌ പറന്നകന്നുകഴിഞ്ഞ ആ നിശ്ചല ദേഹത്തിന്റെ വാല്‍ത്തുമ്പില്‍ നുള്ളിപ്പിടിച്ച്‌ തൊട്ടടുത്തു കണ്ട ഒരു ചവറ്റുതൊട്ടി തുറന്ന്‌ പതുക്കെ അതിലേക്ക്‌ താഴ്ത്തി. ചത്തു മലച്ച കിളിയുടെ കൂമ്പിയ ചിറകുകള്‍ക്കുള്ളില്‍ കുടുങ്ങി അപ്പോള്‍ തന്റെ ഹൃദയമിടിപ്പുകളിലൊന്ന്‌ നഷ്ടപ്പെട്ടു.

“Good on you mate!" കുറുകെ ഓടിച്ചുവന്ന ഒരു വാഹനത്തില്‍ നിന്നും തല പുറത്തിട്ടുകൊണ്ട്‌ നല്ലകാര്യമാണ്‌ ചെയ്തതെന്ന്‌ തന്നെ പ്രശംസിച്ചശേഷം ഒരു താടിക്കാരന്‍ മദ്ധ്യവയസ്കന്‍ പുകപരത്തിക്കൊണ്ട്‌ വാഹനത്തിന്റെ വേഗതകൂട്ടി.

ഫലം മറിച്ചായിരുന്നു. ചവറ്റുതൊട്ടിയുടെ ഉടമയായ വീട്ടുകാരന്‍ ഒരു വെള്ളപ്പുലിയായി പെട്ടെന്നെവിടെനിന്നോ ചാടിക്കയറിവന്നു. ചൊടിപ്പോടെ ചോദിച്ചു: “Aye, what’s up? Don’t put anything in there!”

താന്‍ ഒന്നു നടുങ്ങി. സ്വരം താഴ്ത്തിക്കൊണ്ടുതന്നെ മറുപടി പറഞ്ഞു: “Sorry, I thought I could get rid of that carcass from the road.”

അയാളുടെ തന്നെ വീട്ടുപരിസരത്ത്‌ കിടന്ന്‌ ചീഞ്ഞു നാറാനിരിക്കുന്ന ഒരു കുരുവിയുടെ ജഡം. സദ്പരിണതഫലത്തില്‍ തൂങ്ങിനില്‍ക്കുന്ന പ്രത്യയശാസ്ത്രം ഇവിടെ അപ്രസക്‌തമാകുകയാണ്‌. പുലി ക്ഷമ കെട്ട്‌ വീണ്ടും അലറി: “Stuff it! Not in my bin.”

എല്ലാം എന്റേതെന്നുള്ള മാനുഷഃപ്രജ്ഞയുടെ തുടര്‍കഥ. എന്നിത്‌ പര്യവസാനിക്കും? വന്ന വഴിയുടെ അവസാനത്തില്‍ അവിടെ ഒരു നീണ്ടപെട്ടി കാത്തിരിക്കുന്നുണ്ടെന്ന്‌ മനുഷ്യന്‍ മറന്നു പോകുന്നു. നിറച്ച പെട്ടി ഏറ്റുവാങ്ങാന്‍ ചിലപ്പോള്‍ ‍ആരെയും കിട്ടിയില്ലെന്നും വരാം. കരയാനും.

നിര്‍വീര്യനായി താന്‍ തെല്ലിട പകച്ചു നിന്നു. കഴുത്തില്‍ പിടിച്ച്‌ അപ്പാടെ ഈ വെള്ളപ്പുലിയെ ആയിരുന്നു ചവറ്റുതൊട്ടിയിലേക്കിടേണ്ടിയിരുന്നത്‌ എന്ന്‌ കുറ്റബോധത്തോടെയാണെങ്കിലും അപ്പോള്‍ തോന്നിപ്പോയി. ജഗത്തെന്ന വലീയ ത്രാസിലെ രണ്ടു തട്ടുകളിലൊന്നില്‍, സമനിലതെറ്റി ക്കാനായിമാത്രം വന്നുവീണ കരിങ്കല്‍ ചീളുകളിലൊന്ന്‌ -ഈ മനുഷ്യന്‍!

മനസ്സില്‍ താന്‍ തീര്‍ത്ത വര്‍ണ്ണശബളിമയാര്‍ന്ന ഓണപ്പൂക്കളം വീട്ടില്‍ തിരിച്ചെത്തും മുമ്പേ അങ്ങിനെ തുലഞ്ഞു.

6 comments:

Echmukutty said...

വേദനിപ്പിയ്ക്കുന്ന അനുഭവം.
ഒത്തിരി ഒന്നാം സമ്മാനാർഹമായ കഥകൾ എഴുതിയ ഒരാളോട് ഇങ്ങനെ പറയാമോ എന്നറിയില്ല, എങ്കിലും ......
കുറച്ച് കൂടി ഒതുക്കി എഴുതിയിരുന്നെങ്കിൽ കൂടുതൽ ശക്തമാകുമായിരുന്നു. ആത്മാർഥത അധികരിക്കുമ്പോൾ സംഭവിയ്ക്കുന്ന വാചാലത അല്പം കല്ലുകടിപ്പിയ്ക്കുന്നുണ്ടെന്ന് തോന്നി.
ഈ കറുപ്പ് വർണ്ണത്തിലെ വെളുത്ത ലിപി ഒന്നു മാറ്റിക്കൂടേ?
വായിയ്ക്കാൻ വലിയ ബുദ്ധിമുട്ട് തോന്നുന്നു.

V P Gangadharan, Sydney said...

അഭിപ്രായം കുറിച്ചതിഷ്ടപ്പെട്ടു. നന്ദി! മുപ്പതോളം വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ എന്റെ കഥകള്‍ സമ്മാനാര്‍ഹമായെന്നതുകൊണ്ട്‌ ഊറ്റം കൊള്ളാന്‍ എന്തിരിക്കുന്നു? ഇന്നത്തെ മലയാള കഥാരംഗത്ത്‌ കാലുകുത്തുവാന്‍ പോലും അറച്ചു നില്‍ക്കുന്ന ഞാന്‍ പൂജ്യത്തില്‍ നില്‍ക്കുന്നുവെന്ന ലജ്ജ മാത്രം ബാക്കി. മലയാള സാഹിത്യവുമായി ഏറെക്കാലത്തെ അകല്‍ച്ച സംഭവിച്ചുപോയതാണ്‌ കാരണം. ഈ വസ്തുത 'വിശ്വാസപൂര്‍വ്വം' എന്ന ലേബലില്‍ 'സവിനയം സസ്നേഹം' എന്ന തലക്കെട്ടോടെ എഴുതിയ കുറിപ്പില്‍ പ്രകടമാക്കുകയുണ്ടായി. അഭിപ്രായങ്ങള്‍ നിസ്സങ്കോചം പറയാവുന്നതാണ്‌. ഞാന്‍ ആദരവോടെ സ്വീകരിക്കുകയേ ഉള്ളൂ. എന്റെ English കൃതികള്‍ വായിച്ചിട്ടുണ്ടാകുമല്ലോ. Comments എഴുതാം. 'വിശ്വാസങ്ങള്‍' ലെ മറ്റു കഥകളെക്കുറിച്ച്‌ ഒന്നും എഴുതിയതു കണ്ടില്ല.
പേജ്‌ ലേയ്‌ ഔട്ട്‌ മാറ്റാന്‍ ശ്രമിക്കാം.

മനോഹര്‍ കെവി said...

ഇപ്പോഴാണ് ഈ കഥ വായിച്ചതു... എങ്ങനെയാണു ഇവിടെ എത്തിയത് എന്നും ഓര്‍മയില്ല.. എന്നാലും വന്നത് മോശായില്ല... ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഈ കഥ ഓണക്കാലത്ത് വായിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ചിന്തിച്ചു പോയി. കടലുകള്‍ ക്കപ്പുറം , അവിടെ സിഡ്നിയില്‍ ഇരുന്നും, കേരളത്തിന്റെ ഗ്രാമ്യാന്തരീക്ഷം മനസ്സില്‍ കൊണ്ട് നടക്കുന്നുണ്ടല്ലോ.. ഭാവുകങ്ങള്‍.. സമയം കിട്ടിയാല്‍ എന്റെ ബ്ലോഗും സന്ദര്‍ശിക്കുക ..തികച്ചും വ്യത്യസ്തമായൊരു വീക്ഷണ കോണിലാണ് ആ ബ്ലോഗ്‌.

jazmikkutty said...

എച്ച്മുന്റെ ബ്ലോഗ്‌ വഴിയാണ് ഇവിടെ എത്തിയത്..
എത്ര നന്നായാണ് അങ്ങ് നശ്വരമായ ജീവിതത്തെ കുറിച്ച് ഓര്‍മിപ്പിച്ചത്!
വെട്ടിപ്പിടിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ എല്ലാവരും മറന്നു പോകുന്ന അല്ലേല്‍ മറന്നെന്നു നടിക്കുന്ന ഒരു കാര്യം..
ഈ അടുത്ത കാലത്തൊന്നും ഇത്ര നല്ല എഴുത്ത് വായിച്ചിട്ടില്ല.കീപ്‌ ഇറ്റ്‌ അപ്പ്‌ സര്‍...

V P Gangadharan, Sydney said...

മനൂ,
വൈകിയിട്ടെങ്കിലും എന്നെ കണ്ടെത്തിയതില്‍ സന്തോഷം. തിരക്കുകാരണം താങ്കളുടെ ബ്ലോഗിലേക്ക്‌ ഒന്നെത്തിനോക്കാനേ സാധിച്ചുള്ളൂ. ഒരേ നാട്ടുകാരാണെന്നു വെളിപ്പെട്ടതില്‍ അതിസന്തോഷം. മുമ്പേ ഇട്ട കഥകള്‍ വായിച്ച്‌ അഭിപ്രായം കുറിക്കുമല്ലോ. ഇനിയും ബന്ധം പുലര്‍ത്താം.

V P Gangadharan, Sydney said...

ജാസ്മിക്കുട്ടീ,
താങ്കളുടെ നല്ല വാക്കുകള്‍ സ്വീകരിക്കാന്‍ പണ്ടത്തെ മലയാളസാഹിത്യത്തറവട്ടിന്റെ മുറ്റം അടിച്ചുവാരിക്കൊണ്ടിരുന്ന ഞാന്‍ ഒട്ടും അര്‍ഹിക്കപ്പെടുന്നവനല്ല. എങ്കിലും സുന്ദരശൈലിയില്‍ കുറിച്ചിട്ട അനുമോദനത്തിന്‌ തലകുനിച്ചുള്ള നന്ദി! എന്റെ പഴയ കഥകള്‍ സമയം കിട്ടുമ്പോള്‍ വായിക്കുമെന്ന്‌ വിശ്വസിക്കട്ടെ.
ഇന്നിന്റെ അനുഭവം മറിച്ചാണെങ്കിലും, ഭാരതസംസ്കാരം പണ്ട്‌ വിരല്‍ചൂണ്ടിയിരുന്നത്‌ മനുഷ്യരാശിയുടെ സമത്വമേഖലകളിലേക്കായുരുന്നു. അതിന്റെ വൈശിഷ്ട്യം സത്യത്തില്‍ ഞാന്‍ തിരിച്ചറിഞ്ഞത്‌ ദത്തുപുത്രനായി എന്നെ സ്വീകരിച്ച ഈ വന്‍കരയില്‍ കാല്‍കുത്തിയതിനു ശേഷം മാത്രമാണ്‌. ഈ അറിവിന്റെ വെളിച്ചത്തില്‍ ജാസ്മിക്കുട്ടിയോട്‌ ആത്മാര്‍ത്ഥമായൊരു അഭ്യര്‍ത്തന മാത്രം: ദയവായി എന്നെ 'സാര്‍' എന്നു വിളിക്കാതിരിക്കൂ.
താങ്കളുടെ ബ്ലോഗ്‌ സന്ദര്‍ശിച്ച്‌ ഞാനും അഭിപ്രായം എഴുതാം.

2 comments:

  1. നല്ല ആഴമുള്ള ഒരു സൃഷ്ടി.

    ReplyDelete
  2. @അജിത്‌ ഭായ്‌,
    നന്ദി.

    ReplyDelete